
ഇന്ത്യൻ വനിതാ ചെസ് താരത്തിന് ഹസ്തദാനം നൽകാൻ വിസമ്മതിച്ച് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ. ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവാണ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ചത്. നെതർലൻഡ്സിലെ വിക് ആൻ സീയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിൽ ഇരുവരും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സംഭവം. വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയിട്ടും ഉസ്ബെക്കിസ്ഥാൻ താരം പിൻവലിഞ്ഞു നിൽക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ രൂക്ഷവിമർശനമാണ് ഉസ്ബെക്ക് താരത്തിനെതിരെ ഉയരുന്നത്. ഇതോടെ സംഭവത്തിൽ വിശദീകരണവുമായി നോദിർബെക് യാക്കുബോയെവ് രംഗത്തെത്തി.
മതപരമായ കാരണങ്ങളാലാണ് വൈശാലിക്ക് ഹസ്തദാനം നൽകാതിരുന്നതെന്നാണ് ഉസ്ബെക്കിസ്ഥാൻ താരത്തിന്റെ വിശദീകരണം. വൈശാലിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, അന്യസ്ത്രീയെ സ്പർശിക്കുന്ന കാര്യത്തിൽ മതപരമായ വിലക്കുള്ളതിനാലാണ് ഹസ്തദാനം നൽകാതെ പിൻവാങ്ങിയതെന്നുമാണ് താരത്തിന്റെ വിശദീകരണം. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യാക്കുബോയെവിനെതിരായ നാലാം റൗണ്ട് മത്സരത്തിനു മുന്നോടിയായാണ്, പതിവുള്ള ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയത്. എന്നാൽ, കൈ നീട്ടിയെ വൈശാലിയെ അവഗണിച്ച് യാക്കുബോയെവ് എതിരെയുള്ള കസേരയിൽ ഇരിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ.











